പരിസ്ഥിതി സംരക്ഷക കാർഷിക അവാർഡ് തിരുവമ്പാടി പുരയിടത്തിൽ തോമസ് മാസ്റ്റർക്ക്

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംസ്ഥാനതലത്തിൽ നൽകുന്ന മണ്ണ്, ജല സംരക്ഷണത്തിനുള്ള 2024 വർഷത്തെ സംസ്ഥാന ‘ഷോണി സംരക്ഷണ അവാർഡ്’ തിരുവമ്പാടി സ്വദേശി പുരയിടത്തിൽ തോമസ് പിജെ ക്ക് ലഭിച്ചു.

മണ്ണ് ജല സംരക്ഷണ പ്രവർത്തികളിലും ജൈവ വൈവിധ്യ സംരക്ഷണത്തിനും മികച്ച പ്രവർത്തനങ്ങൾ നടത്തുകയും വിവിധ അംഗീകാരങ്ങൾ നേടുകയും ചെയ്ത റിട്ടയേർഡ് അദ്ധ്യാപകൻ കൂടിയായ തോമസ് മാഷിന് സർക്കാറിന്റെ സംസ്ഥാനതല അവാർഡ് ലഭിച്ചത് തീർത്തും അർഹതയ്ക്കുള്ളഅംഗീകാരമാണ്. അര ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും ആണ് ലഭിക്കുക. സംസ്ഥാനതല കർഷകദിനം ആചരിക്കുന്ന ഓഗസ്റ്റ് 17 (ചിങ്ങം ഒന്നിന്) തൃശൂരിൽ വച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി അവാർഡ് കൈമാറുന്നതാണ്.

അംഗീകാരം ലഭിച്ച തോമസ് മാഷിനെ ജില്ലാ കൃഷി ഓഫീസർ, കൊടുവള്ളി ബ്ലോക്ക്‌ കൃഷി അസിസ്റ്റന്റ് ഡയരക്ടർ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ബിന്ദു ജോൺസൻ, തിരുവമ്പാടി കൃഷി ഓഫീസർ എന്നിവർ സന്ദർശിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു.

Read More

മണ്ണിൻ്റെ മഹത്വം മനസ്സിലാക്കി ടൂറിസ സംരംഭകത്വ ട്രെയിനീസിൻ്റെ ഫാം യാത്ര

റൂറൽ സ്‌കിൽ എംപ്ലോയ്മെൻ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ കാനറ ബാങ്കുമായി സഹകരിച്ച് നടത്തുന്ന ട്രാവൽ ആൻഡ് ടൂറിസം സംരംഭകത്വ പരിശീലനത്തിന്റെ ഭാഗമായി സംഘാംഗങ്ങൾ തിരുവമ്പാടി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിച്ചു.

ഏറെയും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നഗര പ്രദേശങ്ങളിൽ നിന്നുമുള്ള യുവ സംരംഭകരും, ഉദ്യോഗാർഥികളും, ടൂറിസം ബിരുദ ധാരികളുമുൾപ്പെടുന്ന സംഘാംഗങ്ങൾക്ക് കാർഷിക മേഖലയും കർഷക ജീവിതവും ഏറെ ഹൃദയസ്പർശിയും ചിന്തോദ്ദീപകവും ആയി മാറി.

കാർഷിക മേഖലയെക്കുറിച്ചുള്ള തങ്ങളുടെ മുൻധാരണകൾ പലതും തിരുത്തിയെഴുതാൻ ഈ സന്ദർശനം കാരണമായെന്ന് ഭൂരിഭാഗം
പേരും അഭിപ്രായപ്പെട്ടു.

കൃഷിയിടങ്ങൾക്കും കാർഷിക ഉൽപന്നങ്ങൾക്കും ഉപരി, അതിൽ ഉൾച്ചേർന്നിരിക്കുന്ന മനുഷ്യരും അവരിലെ ആത്മാർപ്പണ മനോഭാവവും സാഹോദര്യ മനസ്ഥിതിയുമാണ് ഫാം ടൂറിസം എന്ന ആശയത്തെ ഉദാത്തമായ അനുഭവമായി വളർത്തുന്നതെന്ന് സ്കിൽ ട്രെയിനറും, സിറ്റി ഹെറിറ്റേജ് ഡയറക്ടറുമായ മുഹമ്മദ് ഷിഹാദ് പ്രസ്താവിച്ചു.

ഒരു ദശാബ്ദക്കാലം കോഴിക്കോട് ടൂറിസ്റ്റ് ട്രാൻസ്പോർട്ട് മേഖലയിൽ സംരംഭകനായിരുന്നിട്ടും ഫാം ടൂറിസത്തെ കുറിച്ചുള്ള അജ്ഞത അമ്പരപ്പിക്കുന്നതാണെന്നും, ഈ പരിശീലന യാത്ര വലിയ ഉൾക്കാഴ്ചകൾ നൽകുന്നുണ്ടെന്നും സ്മാർട് ടാക്സി ഉടമ കൂടിയായ റിയാസ് പെരുമണ്ണ പങ്കുവെച്ചു.

ഇരവഴിഞ്ഞി ഫാം ടൂറിസം പ്രസിഡൻ്റ് അജു എമ്മാനുവൽ നായകത്വം നൽകിയ ഒരു പകൽ മുഴുവൻ നീണ്ടുനിന്ന പരിശീലന യാത്രയിൽ ജയ്സൺ പ്ലാത്തോട്ടത്തിലിന്റെ ലെയ്ക് വ്യൂ ഫാം സ്റ്റേ, ജോസ് പുരയിടത്തിലിന്റെ പുരയിടത്തിൽ ഗോട്ട് ഫാം, തറക്കുന്നേൽ അഗ്രോ ഗാർഡൻ, ഡൊമിനിക് മണ്ണുക്കുശുമ്പിലിന്റെ കാർമൽ അഗ്രി ഫാം, ദേവസ്യ മുളക്കലിന്റെ ഗ്രീൻ ഗാർഡൻ വില്ലാസ്, ബീന അജുവിൻ്റെ താലോലം പ്രൊഡക്ടസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ഇരുപത്തിയേഴ് അംഗ സംഘത്തിന് ട്രെയിനർമാരായ മുഹമ്മദ് ഷിഹാദ്, നിധീഷ് കുമാർ, ലീഡർമാരായ ബിനോയ്, ദീപ എന്നിവർ നേതൃത്വം നൽകി.

Read More